തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ( ഓഗസ്റ്റ് 16) അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് 12 ജില്ലകളിൽ യെലോ അലര്‍ട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 വരെ കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.