കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടാമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് പുറത്തു വിട്ടേക്കും. റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തു വിടാമെന്ന് വിവാവകാശ കമ്മിഷനും സാംസ്കാരിക വകുപ്പും കോടതിയെ അറിയിച്ചിരുന്നു. സജിമോൻ പാറയിലിന്‍റെ ഹർജിക്കെതിരേ വിമൻ ഇൻ കളക്റ്റീവും വനിതാ കമ്മിഷനും കക്ഷി ചേർന്നിരുന്നു.
ആരോപണ വിധേയരായവരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് റിപ്പോർട്ടെന്നും ചൂണ്ടിക്കാണിച്ചാണ് സജിമോൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
2017ലാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. ഹൈക്കോടതി മുൻ ജഡ്ജിമാരായ കെ.ഹേമ, നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സല എന്നിവരടങ്ങുന്ന മൂന്നംഗസമിതി 2019 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ടിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി വിമൻ ഇൻ കലക്റ്റീവ് രംഗത്തെത്തിയത്.