കൊച്ചി: വയനാട് ദുരന്തത്തിൽ സംസ്ഥാനം ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് നിശ്ചയിച്ചതിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിർദേശം.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയടക്കമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുകയെന്ന പേരിൽ ചിലർ വ്യാപകമായി വ്യാജ കണക്കുകൾ പ്രചരിപ്പിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കാക്കിയത് എങ്ങനെയെന്ന് കോടതി ചോദിച്ചത്. എസ്റ്റിമേറ്റ് കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്ന് ചൂണ്ടികാട്ടിയ കോടതി, മൃതദേഹ സംസ്കരണത്തിനടക്കമുള്ള ചെലവ് കണക്കാക്കിയത് എങ്ങനെയെന്നും ആരാഞ്ഞു.
കേന്ദ്രം നൽകുന്ന സഹായം സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പിന്നാലെ സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും നടപടിയെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.