
കൊച്ചി : സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്‍റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടിസ് അയച്ചു.
ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി സമർപ്പിച്ചിരുന്നത്. വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നിയമത്തിൽ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്നു പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണു ഹർജിയിലെ വാദം.
വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തുമായി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചത്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ച് ഒക്റ്റോബർ 31വരെ നീട്ടി നല്‍കിയിരുന്നു.