
കൊച്ചി: തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്‍റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. മൂൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കുന്ന 31 വരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഹർജിയിൽ വിശദീകരണത്തിന് പൊലീസ് സമയം തേടിയിട്ടുണ്ട്.
മൂന്നാം പ്രതിയായ സിവകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് സി.എസ്. ഡയസാണു നിർദേശം നൽകിയത്. നിക്ഷേപകനായ കല്ലിയൂർ സ്വദേശി മധുസൂദനൻ നായരുടെ പരാതിയിൽ കരമന പൊലീസാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്നാണു മധുസൂദനൻ നായർ പൊലീസിനു നൽകിയ മൊഴി. എന്നാൽ തനിക്ക് സൊസൈറ്റിയുമായി ബന്ധമില്ലെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു.