രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്, രാത്രികാലങ്ങളിലും ആശ്വാസമില്ല; ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്

കേന്ദ്രസർക്കാരിന്‍റെ കണക്കനുസരിച്ച് പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്
Representative Image
Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ട് പൊള്ളിച്ച് താപനില ഉയരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചൂട് കനക്കുകയാണ്. തുടർച്ചയായ രണ്ടാം ദിനവും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. സാധാരണ താപനിലയേക്കാൽ 4°c താപനില ഉയർന്ന് 38.5 °c താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ എയർപോർട്ടിൽ ചൊവ്വാഴ്ച 38.3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയിൽ 37.6°c അതായത് സാധാരണയേക്കാൾ 4.4°c കൂടുതൽ താപനിലയും രേഖപെടുത്തി. എന്നാൽ പാലക്കാട്‌ 35.1°c സാധാരണയേക്കാൾ 0.5°c കുറവ് താപനില തുടർച്ചയായി രണ്ടാം ദിവസവും രേഖപ്പെടുത്തി.

കേന്ദ്രസർക്കാരിന്‍റെ കണക്കനുസരിച്ച് പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. രാത്രികാലങ്ങളിലും താപനിലയിൽ വലിയ മാറ്റമുണ്ടാവുന്നില്ലെന്നത് ആശങ്കയ്ക്ക് വഴി വയ്ക്കുന്നു. രാത്രി കാലങ്ങളിൽ 27 - 30 ഡി​ഗ്രി സെൽഷ്യസിന് ഇടയിലാണ് പല സ്ഥലങ്ങളിലും താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്നും നാളെയും കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2024 ഫെബ്രുവരി 27 മുതൽ 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.