
തിരുവനന്തപുരം: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പത്രപ്രവർത്തകനുള്ള പുരസ്കാരം മെട്രൊ വാർത്ത അസോസിയറ്റ് എഡിറ്റർ എം.ബി. സന്തോഷിന്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന സംസ്ഥാന ജൈവ വൈവിധ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. മെട്രൊ വാർത്തയിലെ പംക്തിയായ "അതീത'ത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് അവാർഡിനർഹമാക്കിയത്.
തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് നാലാം വർഷ ബിഎഎംഎസ് വിദ്യാർഥി എസ്.പി ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ ആദ്യവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി ഭഗത് എന്നിവർ മക്കളാണ്. നിയമസഭാ മാധ്യമ അവാർഡിന് തുടർച്ചയായി രണ്ടു വർഷം അർഹനായ എം.ബി. സന്തോഷിന് സ്വദേശാഭിമാനി, എം.ശിവറാം, ഫാ. കൊളംബിയർ, എം.ആർ മാധവ വാര്യർ, പാമ്പൻ മാധവൻ, നരേന്ദ്രൻ എന്നിവരുടെ സ്മരണയ്ക്കായുള്ളതുൾപ്പടെ ഒരു ഡസനിലേറെ മാധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
യുവകലാസാഹിതി പുരസ്കാരം, പി.എ ഉത്തമൻ അവാർഡ് എന്നിവ കരസ്ഥമാക്കിയ "പകരം' ഉൾപ്പടെ 9 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒന്നാം മരണമാണ് ഒടുവിൽ പുറത്തിറങ്ങിയ നോവൽ. മംഗളം പത്രം, മംഗളം ടെലിവിഷൻ, കേരളകൗമുദി, ഇന്ത്യാ വിഷൻ, ഇന്ത്യാ പോസ്റ്റ് ലൈവ് ഉൾപ്പടെയുള്ളിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്