
തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് പറയേണ്ട സമയമാവുമ്പോൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അത് വെളുപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അത് നിങ്ങളിൽ പലർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. പാർട്ടിയുടെ ഒരു പരിപാടിയിൽ എല്ലാവരും സഹകരിക്കുമെന്നും ഇത്തരമൊരു ചോദ്യം തന്നെ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ ടാർഗറ്റ് ചെയ്യുന്ന ചില മാധ്യമങ്ങളുണ്ട്. അവർക്ക് ചിലർ ഉപദേശവും നിർദേശങ്ങളും കൊടുക്കുന്നുണ്ട്. അതനുസരിച്ച് ചില മാധ്യമങ്ങൾ വാർത്ത മെനഞ്ഞെടുക്കുക്കുകയാണ്. നിങ്ങൾ മെനഞ്ഞെടുത്തോളു. നിങ്ങൾ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു