
തിരുവനന്തപുരം: കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് വരുത്തി സ്വകാര്യ വത്കരിക്കാൻ വേണ്ടിയാണ് വരുമാനം ഉണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നതെന്ന് കെ.മുരളീധരൻ എംപി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയിൽ 220 കോടി വരുമാനം ഉണ്ടായിട്ടും ശമ്പളം ക്യത്യമായി നൽകാതെ അനാവശ്യ ചെലവുകളും ധൂർത്തുമാണ് നടക്കുന്നതെന്നും, ഇതിൽ ക്രമക്കേടുകൾ പരിശോധിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ സിഎംഡിയെ ഫോണിൽ പോലും കിട്ടാനില്ല. സത്യം പറയുന്ന ജീവനക്കാരെ എംഡി സ്ഥലംമാറ്റി ഭീഷണിപ്പെടുത്തുന്നെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോർപ്പറേഷനെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും.
ഗതാഗത മന്ത്രി ആയ ആന്‍റണി രാജുവിന് തന്‍റെ വകുപ്പ് എന്താണെന്ന് പോലും അറിയില്ലെന്നും ചെയ്ത ജോലിക്ക് കൂലി ചോദിച്ചു സമരം ചെയ്യുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ഗതാഗത മന്ത്രി സാർക്ക് ചക്രവർത്തിക്ക് സമനാണെന്നും എംപി പറഞ്ഞു. തൊഴിലാളികളുടെ ശംബളം പൂർണമായും സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച യൂണിയൻ (ഐഎൻറ്റിയുസി ) ജനറൽ സെക്രട്ടറി എം.വിൻസെന്‍റ് എംഎൽഎ പറഞ്ഞു.