
കൊച്ചി: കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കളമശേരി ബോംബാക്രമണ കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ 10ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. 15 വർഷത്തിലേറെ ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ടു തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അതിന് വിശദമായി ചോദ്യം ചെയ്യണം.
10 ദിവസം കസ്റ്റഡി ആവശ്യമാണ്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ എവിടെ നിന്നൊക്കെയാണ് വാങ്ങിയത്, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്- പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേസമയം, തനിക്ക് അഭിഭാഷകനെ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരേ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും അയാൾ പറഞ്ഞു.