
തൃശൂർ : കളമശേരിയിലെ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനാണു ബോംബ് വച്ചതെന്നാണു യുവാവിന്റെ വാദം. ഒരുമണിയോടെയാണു ഇയാൾ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ ഇവിടെ നിന്നും പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ബാഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയാണ് ഇയാൾ.
അതേസമയം, സ്ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ലിബിന എന്ന യുവതിയാണ് മരിച്ചതെന്നാണ് വിവരം. 36 പേർ പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 7 പേരുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.