
കൊച്ചി: യഹോവ സാക്ഷികളുടെ പ്രാർഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്‍ററിലെ സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ മുൾമുനയിലാക്കി. കളമശേരി കേരളത്തെ ഞെട്ടിക്കുന്നത് ഇതാദ്യമല്ല. 18 വർഷം മുൻപ് നടന്ന ബസ് കത്തിക്കൽ സംഭവത്തോടെയാണു കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭീകരത ചർച്ചയാവുന്നത്. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കളമശേരിയില്‍ ഒരു സംഘം തോക്ക് ചൂണ്ടി ബസ് തട്ടിയെടുത്തു കത്തിച്ചതു രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
2005 സെപ്റ്റംബർ 9നു രാത്രിയില്‍ ഓടിക്കൊണ്ടിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ഒരു സംഘം തോക്കുചൂണ്ടി തട്ടിയെടുക്കുകയും തുടര്‍ന്നു പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ടിഎന്‍ 1 എന്‍. 6725 നമ്പര്‍ ബസാണു കത്തിച്ചത്. രാത്രി 8.30നു സേലത്തേയ്ക്ക് പുറപ്പെട്ട ബസില്‍ യാത്രക്കാരെന്ന മട്ടിലാണു തടിയന്‍റവിട നസീറും സംഘവും കയറിയത്. തുടര്‍ന്ന് ബസ് ഡ്രൈവറെ തോക്കുചൂണ്ടി ബന്ദിയാക്കി എച്ച്എംടിയുടെ വിജനമായ പറമ്പിലെത്തിച്ച ശേഷം യാത്രക്കാരെ പുറത്തിറക്കി പെട്രോള്‍ ഒഴിച്ച് ബസ് കത്തിക്കുകയായിരുന്നു.
സംസ്ഥാനത്തെ ഞെട്ടിച്ച ബസ് കത്തിക്കല്‍ കേസിന്‍റെ ആദ്യ അന്വേഷണം ലോക്കല്‍ പൊലീസിനായിരുന്നു. തീവ്രവാദ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 2009ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. രാജ്യദ്രോഹം, തീവ്രവാദപ്രവര്‍ത്തനം എന്നിവ ചുമത്തിയാണ് എന്‍ഐഎ കേസന്വേഷിച്ചതും 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബസ് കത്തിച്ചത്. മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയും കേസിലെ പത്താം പ്രതിയായിരുന്നു. കേസില്‍ 14 പ്രതികളുണ്ടായിരുന്നു. രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. 2022 ഓഗസ്റ്റിൽ കൊച്ചി എന്‍ഐഎ കോടതി മൂന്നു പ്രതികളെ ശിക്ഷിച്ചു. തടിയന്‍റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ പിഴയും വിധിച്ചു. മറ്റൊരു പ്രതി താജുദീന് 6 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയുമാണു വിധിച്ചത്. ബാക്കി പ്രതികള്‍ ഇനി വിചാരണ നേരിടേണ്ടതുണ്ട്.
2006ൽ പാനായിക്കുളം സിമി ക്യാംപുമായി ബന്ധപ്പെട്ട കേസിനും കളമശേരി ബന്ധമുണ്ടായിരുന്നു. എന്‍ഐഎ ഏറ്റെടുത്ത കേരളത്തിലെ ആദ്യ കേസായിരുന്നു ഇത്. എൻഐഎ അന്വേഷിച്ച മിക്ക കേസുകളുടെ ഭാഗമായും അന്വേഷണ സംഘം കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലും കളമശേരി ബന്ധമുണ്ടായിരുന്നു.