കോട്ടയത്ത് പൊലീസിന്‍റെ ഫസ്റ്റ് എയ്ഡിൽ വയോധികന് പുതുജീവൻ

സ്വകാര്യ ബസിനുള്ളിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വെച്ചാണ് സംഭവം.
കോട്ടയത്ത് പൊലീസിന്‍റെ ഫസ്റ്റ് എയ്ഡിൽ വയോധികന് പുതുജീവൻ

കോട്ടയം: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് ഫസ്റ്റ് എയ്ഡ് നൽകി ജീവൻ രക്ഷിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പൊലീസിലെ 5 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ. കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സെന്റ് ജോൺസ് എന്ന സ്വകാര്യ ബസിനുള്ളിൽ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വെച്ചാണ് സംഭവം.

വാഴൂർ സ്വദേശിയായ വയോധികൻ കൊടുങ്ങൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുവാനായി ബസിൽ കയറുകയായിരുന്നു. ഇടയ്ക്ക് വടവാതൂരിന് സമീപം കളത്തിപ്പടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇത് കണ്ട, ഇതേ ബസിൽ പൊൻകുന്നത്തുനിന്നും പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്ന ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരായ ഷമീർ സമദ്, പി.എസ് അൻസു , മഹേഷ്, റ്റി.ആര്‍ പ്രദീപ് എന്നിവരും, കൂടാതെ ബസിനുള്ളിൽ മുണ്ടക്കയത്ത് നിന്നും കയറിയ കോട്ടയം സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസും ചേർന്ന് വയോധികന് ഫസ്റ്റ് എയ്ഡായ സി.പി.ആർ നൽകുകയും, അല്‍പ സമയത്തിനുള്ളില്‍ വയോധികന് ആശ്വാസം അനുഭവപ്പെടുകയുമായിരുന്നു.

തുടർന്ന് എത്രയും പെട്ടെന്ന് ബസ് ജില്ലാ ആശുപത്രിയിലേക്ക് പോകുവാൻ പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെത്തുടർന്ന് ബസിന്റെ ഡ്രൈവർ വാഹനം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം വയോധികന്‍ അപകടനില തരണം ചെയ്തന്നും, തക്ക സമയത്ത് സി.പി.ആർ നൽകാൻ ആയതിനാലാണ് ജീവൻ രക്ഷിക്കാൻ ആയതെന്നും ഡോക്റ്റർമാർ പറഞ്ഞു. വയോധികന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായ പൊലീസ് ഉദ്യോഗസ്ഥർ തുടർന്ന് അവരുടെ ജോലിയിൽ പ്രവേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com