
കൊല്ലം: പതിനഞ്ച് വർഷങ്ങത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആതിഥേയത്വം വഹിക്കുമ്പോൾ ആശ്രാമം മൈതാനം മുഖ്യവേദിയാകും. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ മൈതാനം കലക്ടർ വിട്ടു നൽകി.
ആശ്രാമം മൈതാനത്ത് തന്നെ ഒന്നിലധികം വേദികൾ തയ്യാറാക്കാനാണ് അധികൃതരുടെ ലക്ഷ്യം. സ്വാഗതസംഘ രൂപീകരണത്തിന് ശേഷം മറ്റുള്ള വേദികൾ നിശ്ചയിക്കും. വേദികളിൽ നിന്ന് വേദികളിലേക്ക് മത്സരാർഥികൾ യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ലഘുകരിക്കുക എന്ന ഉദ്ദേശവും അധികൃതർക്കുണ്ട്.
നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കൊല്ലം വേദിയായി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഇത്തവണത്തേത് 62-ാമത് കലോത്സവമാണ്. നേരത്തെ 1988 (28- മത് കലോത്സവം),1998 (38-ാമത് കലോത്സവം), 2008 (48-ാമത് കലോത്സവം) വർഷങ്ങളിലാണ് കൊല്ലം ആതിഥേയരായത്.
ഉപജില്ലാ കലോത്സവങ്ങൾ 30ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശമെങ്കിലും അവ അവസാനിക്കാൻ അടുത്തമാസം പകുതിയെങ്കിലുമാകും. ചിലയിടത്ത് എട്ടിനാണ് ഉപജില്ലാ കലോത്സവം അവസാനിക്കുന്നത്. ഒമ്പതിനും പത്തിനും ജില്ലാ ശാസ്ത്രമേളയും നടക്കും. അടുത്തടുത്ത് മേളകൾ നടക്കുന്നത് കുട്ടികൾക്ക് മാനസിക സമർദ്ദം വർധിക്കാൻ കാരണമാകുമെന്ന് പരാതിയുയർന്നിട്ടുണ്ട്.