

സർവീസ് പൂർത്തിയാക്കും മുൻപ് വനിതാ കണ്ടക്റ്റർ വഴിയിലിറങ്ങി വീട്ടിൽ പോയി; കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു
file image
മൂന്നാർ: കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്റ്റർ സർവീസിനിടെ വീട്ടിലേക്ക് പോയതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്റ്റർ ചെകുത്താൻ മുക്കെന്ന സ്ഥലത്ത് വച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയതായാണ് പരാതി. മൂന്നാർ - കോട്ടയം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ചയായിരുന്നു സംഭവം. പരാതിയിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു
കോട്ടയത്തുനിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തുന്ന ബസിൽ ജോലിക്കായി ഡിപ്പോയിലേക്ക് പോവാനായി കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻ മുക്കിൽ നിന്ന് ബസിൽ കയറി. ഇതോടെ ടിക്കറ്റ് മെഷീനും പണവും ഡിപ്പോയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് കണ്ടക്റ്റർ ഇറങ്ങിപ്പോവുകയായിരുന്നു. മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കണ്ടക്റ്ററുടെ ഈ നടപടി.
ഡിപ്പോയിൽ സർവീസ് നിർത്തിയാൽ സ്റ്റേഷൻ മാസ്റ്ററുടെ മുന്നിലെത്തി റിപ്പോർട്ട് ചെയ്ത ശേഷം മെഷിനും പണവും നൽകി വേ ബില്ലും നൽകി ഒപ്പിട്ട ശേഷം മാത്രമേ കണ്ടക്റ്റർക്ക് വീട്ടിൽ പോകാൻ സാധിക്കൂ എന്നതാണ് നിയമം. എന്നാൽ ഇവിടെ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരാണ് വിവരം ഡിപ്പോയിൽ അറിയിച്ചത്.