
തിരുവനന്തപുരം: ഗഡുക്കളായുള്ള ശമ്പളവിതരണത്തിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയൻ തൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്കും. പുലർച്ചെ ആരംഭിക്കുന്ന 24 മണിക്കൂര്‍ സമരത്തിന്റെ ഭാഗമായി രാത്രി 12 മണി വരെ പണിമുടക്കുമെന്നാണു ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടി എംപ്ലോയ്സ് സംഘ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
നിലവിൽ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ മൂന്നു സംഘടനകളാണു കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകൾ. ഇതിൽ ഒരു വിഭാഗം തൊഴിലാളികൾ മാത്രമാണു പണിമുടക്കുന്നതെങ്കിലും ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. എന്നാൽ, ആരെയും നിര്‍ബന്ധിച്ച് പണിമുടക്കിന്റെ ഭാഗമാക്കില്ലെന്നു യൂണിയന് നേതാക്കള്‍ അറിയിച്ചു.
ചെയ്ത ജോലിക്കു കൂലി നൽകാതെ പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയാണു മാനേജ്മെന്റെന്ന് ജനറൽ സെക്രട്ടറി എസ്. അജയകുമാർ കുറ്റപ്പെടുത്തി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പല ഉറപ്പുകൾ നൽകിയിട്ടും ഒന്നും നടപ്പായില്ല. മറ്റ് വഴിയില്ലാതെയാണു പണിമുടക്കിലേക്കു നീങ്ങുന്നത്. എല്ലാ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകണമെന്നും സമരത്തിന്റെ ഭാഗമായി ഇന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരത്തിലാണ്.
ശമ്പളവിതരണം പൂര്‍ത്തിയാകും വരെ തുടര്സമരങ്ങളുണ്ടാകുമെന്നാണു തൊഴിലാളി യൂണിയന് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്നു നടക്കുന്ന പണിമുടക്കിനെതിരെ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്നു ഗതാഗതമന്ത്രിയും അറിയിച്ചു. സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിന്നു കൊടുക്കില്ല. കെഎസ്ആര്‍ടിസി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ സമരത്തില്‍ നിന്നു പിന്മാറണം. കെഎസ്ആര്‍ടിസി മാനേജ്മെന്റിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും എഴുതി നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.