വയനാട് ദുരന്തത്തിന്‍റെ ആഘാതം അറിയാന്‍ ലിഡാര്‍ സര്‍വേ

50 സെന്‍റിമീറ്റര്‍ വരെ വലിപ്പമുള്ള വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാകും
Lidar survey to understand the impact of Wayanad landslide disaster
വയനാട് ദുരന്തത്തിന്‍റെ ആഘാതം അറിയാന്‍ ലിഡാര്‍ സര്‍വേrepresentative image
Updated on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ ആഘാതം അറിയാന്‍ എന്‍ഐടി സൂറത്ത്കലുമായി ചേര്‍ന്ന് ലിഡാര്‍ സര്‍വേ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേയില്‍ ദുരന്തബാധിത പ്രദേശത്തിന്‍റെ ഏരിയല്‍ ഫോട്ടോഗ്രാഫ്സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ റിപ്പോര്‍ട്ട് സഹായകമാകും. ലിഡാര്‍ സര്‍വേ വഴി മരങ്ങള്‍, മരത്തിന്‍റെ ഉയരം, പാറകള്‍, തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാന്‍ സാധിക്കും. 50 സെന്‍റിമീറ്റര്‍ വരെ വലിപ്പമുള്ള വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുകയാണ്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്‍റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.