
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ട്. നവംബർ 14, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെലോ അലർട്ടുമുണ്ട്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സ്കൂളുകൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.