
വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. വരാപ്പുഴ മുട്ടിനകത്തെ പടക്കശാലയിലാണു വൻ പൊട്ടിത്തെറിയുണ്ടായത്. ആറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മൂന്നു കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് 5 മണിയോടെയാണു പൊട്ടിത്തെറിയുണ്ടായത്. വൻ സ്ഫോടനമാണ് ഉണ്ടായതെന്നു പരിസരവാസികൾ പറയുന്നു. വളരെ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു.