തിരുവല്ല: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് എതിർപ്പില്ല. റിപ്പോർട്ട് പുറത്തുവിടേണ്ടത് സ്റ്റേറ്റ് പബ്ലിക്ക് ഓഫിസറാണ്. റിപ്പോർട്ട് പുറത്തുവിടേണ്ട സമയം ആകുമ്പോൾ പുറത്തുവിടുമെന്നും ഇത്ര ധൃതി എന്തിനാണെന്നും മന്ത്രി സജി ചെറിയാൻ ചോദിച്ചു. ഈ കാര‍്യത്തിൽ സംസ്കാരിക സിനിമാ വകുപ്പുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്‌ച്ച പുറത്തുവിടുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ‍്യപെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് സർക്കാർ നിലപാട് മാറ്റുകയായിരുന്നു. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 2017ൽ രൂപംകൊണ്ട (ഡബ്ല്യു സി സി) മുഖ‍്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ് ഹേമ ,നടി ശാരദ, മുൻ ഐ എ എസ് ഉദ്യോഗസ്ഥ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. 2017ൽ രൂപികരിച്ച കമ്മിറ്റി 2019 ൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.