മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. ഇത്തവണ ഇരുവരുടെയും മണ്ഡലങ്ങൾ വച്ചുമാറുകയാണ് ഉണ്ടായത്. നിലവിൽ മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ സമദാനിയുമാണ് സിറ്റിങ് എംപിമാർ.
തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.
പാണക്കാട് ചേർന്ന മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.