മുസ്‌ലിം ലീഗിന് തീവ്രവാദ നിലപാടില്ല, ഗോവിന്ദന് ഞങ്ങളെ ഭയം: ആർഎസ്എസ്

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും നേതൃത്വത്തിനും ആര്‍എസ്എസിനെ ഭയമില്ല. അവരുമായി ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്
മുസ്‌ലിം ലീഗിന് തീവ്രവാദ നിലപാടില്ല, ഗോവിന്ദന് ഞങ്ങളെ ഭയം: ആർഎസ്എസ്

കൊച്ചി: മുസ്‌ലിം ലീഗിന് വര്‍ഗീയ താത്പര്യങ്ങളുണ്ടെന്നും, എന്നാല്‍ തീവ്രവാദ സംഘടനകളുടെ നിലപാടില്ലെന്നും രാഷ്‌ട്രീയ സ്വയം സേവക സംഘം. മുസ്‌ലിം ലീഗിനെ ഒരു ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയായാണ് ആര്‍എസ്എസ് കാണുന്നത്. എങ്കിലും ലീഗിനു വർഗീയ താത്പര്യങ്ങളുണ്ടെന്നത് ഒരു യാഥാർഥ്യമാണ്.

വിവിധ മതന്യൂനപക്ഷ നേതാക്കളുമായും ബുദ്ധിജീവികളുമായും നടത്തുന്ന ആശയവിനിമയത്തിന്‍റെ ഭാഗമായി മലപ്പുറത്തെ പ്രമുഖ ലീഗ് എംഎൽഎയുമായും ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു - പ്രാന്ത സംഘചാലക് (സംസ്ഥാന അധ്യക്ഷൻ) അഡ്വ. കെ.കെ. ബലറാം, പ്രാന്ത കാര്യവാഹ് (ജനറൽ സെക്രട്ടറി) പി.എൻ. ഈശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ജമാ അത്തെ ഇസ്‌ലാമിയുമായി ആർഎസ്എസ് പ്രത്യേകമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇങ്ങോട്ടാവശ്യപ്പെട്ടു ഡൽഹിയിൽ ചര്‍ച്ചയ്ക്കെത്തിയ മുസ്‌ലിം പ്രമുഖരുടെ സംഘത്തില്‍ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു എന്നു മാത്രം. ജമാ അത്തെ ഇസ്‌ലാമിയുമായി തുറന്ന ചര്‍ച്ച അവരുടെ പ്രഖ്യാപിത തീവ്ര നിലപാട് മാറിയാല്‍ മാത്രമേ നടക്കൂ. രാജ്യവിരുദ്ധ നിലപാടുള്ള ഒരാളോടും ആർഎസ്എസ് ചർച്ചയ്ക്കില്ല.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും നേതൃത്വത്തിനും ആര്‍എസ്എസിനെ ഭയമില്ല. മുൻ സർസംഘചാലക് കെ.എസ്. സുദർശൻ സഭാ നേതൃത്വങ്ങളുമായി കേരളത്തിൽ തുടങ്ങിവച്ച ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളുമായും നിരന്തരം ആശയവിനിമയം നടക്കുന്നു. അവർക്ക് ആശങ്കകളൊന്നുമില്ല. എതിരഭിപ്രായമുള്ളവരോടും ആശയവിനിമയം ആർഎസ്എസിന്‍റെ സംഘടനാ രീതിയാണ്. അത് ഇനിയും തുടരും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്‍റെ യാത്രയിലുടനീളം ആർഎസ്എസിനെയാണ് മുഖ്യമായും വിമർശിച്ചത്. അതു ഭയം മൂലമാണ്. ആർഎസ്എസിന്‍റെ പ്രവർത്തനം വിപുലമാകുന്നതിലൂടെ തങ്ങളുടെ അടിത്തറയിളകുന്നു എന്ന ബോധ്യമായതിന്‍റെ ഭയമാണ് അദ്ദേഹം പ്രകടമാക്കുന്നത്. 2025ൽ ഇന്ത്യയെ ആർഎസ്എസ് ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന മറുപടിപോലും അർഹിക്കുന്നില്ല. ഇന്ത്യ ഇപ്പോൾത്തന്നെ സാംസ്കാരികമായും മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലും ഹിന്ദുരാഷ്‌ട്രം തന്നെയാണ്. നാളെയും അങ്ങനെതന്നെ ആയിരിക്കും. അതിന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ആവശ്യമില്ല.

കേരളത്തിൽ ബിജെപിക്കു രാഷ്‌ട്രീയ വിജയം ഉണ്ടാകാതിരിക്കാൻ കാരണം ചില പ്രത്യേക സാഹചര്യങ്ങൾ ഇവിടെ നിലനിൽക്കുന്നതിനാലാണ്. വോട്ട് ബാങ്കുകളടക്കം ഒട്ടേറെ തടസങ്ങൾ ഇവിടെയുണ്ട്. ഒട്ടേറെ ആർഎസ്എസ് പ്രവർത്തകർ രാഷ്‌ട്രീയത്തിലുണ്ടെങ്കിലും ആർഎസ്എസ് രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല. കേരളത്തിൽ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും ആർഎസ്എസിന്‍റെ പ്രവർത്തനം എത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ടു മാത്രം ബിജെപിക്കു വിജയിക്കാൻ കഴിയണമെന്നില്ല. മറ്റു പല ഘടകങ്ങളും കൂടി ചേർന്നാലേ അതു സാധിക്കൂ.

കേരളത്തിൽ നിലവിൽ 5,359 സ്ഥലങ്ങളിൽ ആർഎസ്എസിന്‍റെ പ്രവർത്തനമുണ്ട്. ചില പരിപാടികൾ 10,000 സ്ഥലങ്ങളിൽ വരെ നടക്കുന്നു. അടുത്ത ഒരു വർഷത്തോടെ 8,000 സ്ഥലങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഹരിയാനയിലെ പാനിപ്പത്ത് സമാൽഖയിൽ കഴിഞ്ഞ ദിവസം നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചത്. ഇതിനുള്ള പ്രവർത്തകരെ തയാറാക്കാൻ 4 സ്ഥലങ്ങളിലായി പരിശീലന ക്യാംപുകൾ സംഘടിപ്പിക്കും. 100ൽ കൂടുതൽ പ്രവർത്തകരുള്ള ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനു പ്രത്യേക ഊന്നൽ നൽകും. ഇതിനായി വ്യത്യസ്ത മേഖലകളിൽ അനുഭവസമ്പത്തുള്ളവരെ അവിടേയ്ക്ക് നിയോഗിക്കും- ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കി. സഹ പ്രാന്ത പ്രചാർ പ്രമുഖ് പി. ഉണ്ണികൃഷ്ണനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.‌

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com