
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന യാത്ര പാർട്ടിയെ പ്രതിരോധിക്കേണ്ട യാത്രയായെന്ന് മുസ്ലീം ലീഗ് സ്റ്റേറ്റ് സെക്രട്ടറി പിഎംഎ സലാം. യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. നിയമസഭയിടെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ സർക്കാരിന് ഇപ്പോൾ ജന പിന്തുണയില്ല. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പു നടന്നാൽ കെട്ടിവച്ച കാശ് സിപിഎമ്മിന് നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മിക്ക സിപിഎം നേതാക്കളുടെയും പിന്നിൽ ഇഡിയുണ്ട്. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്തായാലും വസ്തുതകൾ പുറത്തുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നീണ്ട് പോയതുകൊണ്ട് മുസ്ലീം ലീഗ് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീളുമെന്നും പിഎംഎ സലാം വ്യക്തമാക്കി.