ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റതായി യുവതി തന്നെയാണ് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലെത്തിയത്.
പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാൻ തയ്യാറായില്ല. ഇതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. പിന്നീട് ജനപ്രതിനിധി വിവരം അറിയിച്ചതനുസരിച്ച് പൊലീസ് യുവതിയുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. കുഞ്ഞിനെ നിയമപരമായാണോ കൈമാറിയതെന്നും അതല്ല മറ്റെതെങ്കിലും രീതിയിലുള്ള കൈമാറ്റമാണോ നടന്നതെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.