
കൊല്ലം: സോളർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ബന്ധു ശരണ്യ മനോജ്. ആർ. ബാലകൃഷ്ണപിള്ള പറഞ്ഞതനുസരിച്ച് ഗണേഷ്കുമാറിന്‍റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരുടെ കത്ത് ഒരു മാധ്യമത്തിനു നൽകിയത് ദല്ലാൾ നന്ദകുമാറാണ്. ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം കത്തിൽ ഉണ്ടായിരുന്നില്ല. കത്ത് കുറേക്കാലം സൂക്ഷിച്ചിരുന്നു. ബാലകൃഷ്ണപിള്ള പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ചെയ്തതാണ്. കെ.ബി. ഗണേഷ്കുമാർ കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. ഗണേഷ്കുമാറിന്‍റെ സഹായി പ്രദീപാണു ബാലകൃഷ്ണപിള്ള സർ പറഞ്ഞതനുസരിച്ച് കത്ത് കൈപ്പറ്റിയത്.
ഗണേഷ്കുമാറും ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴി നൽകിയെന്നാണ് മനസിലാക്കുന്നത്. പല കേസുകളിൽ മൊഴി കൊടുക്കാൻ പോയപ്പോൾ സിബിഐ എന്നോട് പറഞ്ഞിട്ടുള്ളത് അങ്ങനെയാണ്. ഇപ്പോൾ ഞങ്ങളുടെ പേരിൽ ആക്ഷേപം വരുന്നത് എന്താണെന്ന് മനസിലാകുന്നില്ല. കേസിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല.
പക്ഷേ, ഉമ്മന്‍ ചാണ്ടി സാറിനെതിരേ അനാവശ്യ ആരോപണം ഉണ്ടായെന്നതിൽ വേദനയുണ്ടെന്നും സോളർ കമ്മിഷന് പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.