ആര്യാടൻ ഷൗക്കത്തിനെതിരേ കർശന നടപടി വേണ്ടെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്
കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിനെതിരേ കടുത്ത നടപടി വേണ്ടെന്ന് അച്ചടക്ക സമിതിയുടെ റിപ്പോർട്ട്. കർശന താക്കീത് മതിയെന്നാണ് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് കൈമാറി. ഇനി കെപിസിസിയുടെ തീരുമാനമാവും നിർണായകമാവുക.
പാർട്ടിയെ ധിക്കരിച്ചെന്നും ഷൗക്കത്തിനെതിരേ കർശന നടപടി വേണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. ഇത് തിരിച്ചടിയാവുമെന്നാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തൽ.
കെപിസിസി തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാവും തീരുമാനം. കെപിസിസി അധ്യക്ഷൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതൽ ചർച്ചകൾ. എന്നാൽ, ലോക്സഭാ തെഞ്ഞെടുപ്പു കൂടി പരിഗണിച്ച് ആര്യാടൻ ഷൌക്കത്തിനെതിരേ കടുത്ത നടപടി ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തൽ.
കെപിസിസിയുടെ കടുത്ത വിലക്ക് അവഗണിച്ചാണ് ആര്യാടൻ ഷൗക്കത്ത് കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തിയത്. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. പിന്നാലെ നവംബർ 12ന് ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെപിസിസി അച്ചടക്ക സമിതി യോഗം ചേർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിലുള്ള സമിതിയായിരുന്നു യോഗം ചേർന്നത്.