
കൊച്ചി: നോര്‍വെയില്‍ നടക്കുന്ന വിജ്ഞാന വിനിമയ പരിപാടിയില്‍ ചര്‍ച്ചയായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. നോര്‍വെ സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതിയുടെ ഭാഗമായി തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാര്‍ബണ്‍ മുക്തമാക്കികൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായുള്ള ഹൈഡ്രജന്‍ ബേസ്ഡ് വെസലുകള്‍ നോര്‍വെയ്ക്ക് വേണ്ടി നിർമിക്കുന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആണ്. 580 കോടി രൂപയുടെ പദ്ധതിയാണ്. ഈ പദ്ധതി കൊച്ചിക്കും ഇന്ത്യയ്ക്കും അഭിമാനകരമായ പദ്ധതിയാണെന്ന് ഹൈബി ഈഡന്‍ എംപി ഇന്ത്യ നോര്‍വെ വിജ്ഞാന വിനിമയ പരിപാടിയില്‍ അറിയിച്ചു.
നോര്‍വെ ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയും പങ്കെടുക്കുന്നുണ്ട്. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വെ ഇന്ത്യ സ്ട്രാറ്റജി 2030ന്‍റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വെയിലെത്തിയത്.
ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമവും, സമുദ്രങ്ങള്‍, ഊര്‍ജം, കാലാവസ്ഥയും പരിസ്ഥിതിയും, ഗവേഷണം, ഉന്നത വിദ്യാഭ്യാസം, ആഗോള ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇരു രാജ്യങ്ങളിലും തമ്മിലുള്ള നോര്‍വെ ഇന്ത്യ 2030 രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി ചര്‍ച്ചകള്‍ നടന്നതായി ഹൈബി ഈഡന്‍ പറഞ്ഞു.
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോ നഗരത്തിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. നോര്‍വീജിയന്‍ വിദേശകാര്യ ഉപ മന്ത്രി ആന്‍ഡ്രിയാസ് ക്രാവികുമായി സംഘം കൂടിക്കാഴ്ച്ച നടത്തി. നോര്‍വെയിലെ ഏറ്റവും വലിയ ചരക്ക്, യാത്രാ തുറമുഖമായ ഓസ്‌ലോ പോർട്ടും സംഘം സന്ദര്‍ശിച്ചു. ഓസ്‌ലോയുടെ കാലാവസ്ഥാ തന്ത്രത്തിലും ഗ്രീന്‍ ഷിഫ്റ്റിലും തുറമുഖം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ സീറോ-എമിഷന്‍ തുറമുഖമാകുക എന്ന ലക്ഷ്യത്തോടെ 2030ഓടെ, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, സള്‍ഫര്‍ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, കണികാ പദാർഥങ്ങള്‍ എന്നിവയുടെ എമിഷന്‍ 85 ശതമാനം കുറവ് വരുത്താന്‍ ലക്ഷ്യമിടുന്ന തുറമുഖമാണിത്. അത്ഭുതകരമായ രീതിയിലുള്ള ഈ തുറമുഖം ഒരു മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രജന്‍ മൂല്യ ശൃംഖലകളുടെ വികസനത്തിന് ആവശ്യമായ ലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍, ചട്ടക്കൂടുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി നോര്‍വെ സംഘടിപ്പിക്കുന്ന H2 കോണ്‍ഫറന്‍സിലും സംഘം പങ്കെടുത്തു. എണ്ണ, വാതക വ്യവസായത്തില്‍ അഭിമാനകരമായ വേരുകളുള്ള സ്റ്റാവഞ്ചര്‍ നഗരത്തിലാണ് H2 കോണ്‍ഫറന്‍സ് നടന്നത്. ഹരിത ഭാവിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഹൈഡ്രജനെ ഒരു പ്രധാന പരിഹാരമാക്കി മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോൺഫറന്‍സില്‍ നടന്നു. വ്യവസായങ്ങളെയും സമ്പദ്വ്യവസ്ഥയെയും പരിസ്ഥിതിയെയും പുനര്‍നിര്‍മിക്കുന്നതില്‍ ഹൈഡ്രജന് വലിയ പങ്കുണ്ടെന്ന് വിലയിരുത്തി. റിസവിക ഹൈഡ്രജന്‍ ഹബ്ബും സന്ദര്‍ശിച്ചു. നോര്‍വീജിയന്‍ പാര്‍ലമെന്‍റ്, സ്റ്റാവഞ്ചര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ സന്ദര്‍ശനവും ഉണ്ടായിരുന്നതായി ഹൈബി ഈഡന്‍ അറിയിച്ചു. ഹൈബിയെ കൂടാതെ തേജസ്വി സൂര്യ (ബിജെപി), പ്രിയങ്ക ചതുര്‍വേദി (ശിവസേന) എന്നീ എംപിമാരും പങ്കെടുത്തു.