
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടനോട് മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തതാണ്, ഭരണ കക്ഷികൾ തന്നെ സഭ സ്തംഭിപ്പിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത് എന്തിനാണ് ഭരണപക്ഷത്തിന് ഇങ്ങനെ പൊള്ളുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.
ഇഷ്ടമില്ലാത്തവയെല്ലാം സഭ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്. അന്വേഷണം തടസ്സപ്പെടുത്താനുള്ള ധാരണയുടെ ഭാഗമാണ് വിജിലൻസ് അന്വേഷണം കൊണ്ടു വന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട് മുഴുവൻ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിലേക്കാണ് ഇനി പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എല്ലാത്തിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. എന്തു വിഷയം ഉന്നയിച്ചാലും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്‍റെ മടിയിൽ കനം ഉള്ളതു കൊണ്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും പ്രതിപക്ഷം ഉന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു