കോഴിക്കോട്: കാന്തപുരം മുസ്ലിയാറിന്‍റെ വാരികയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനം. എപിയുടെ വിദ്യാർഥി വിഭാഗമായ എസ്എസ്എഫിന്‍റെ വാരികയായ രിസാലയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്‍റെ അടുത്തകാല സമീപനങ്ങളെന്ന് വിമർശനം ഉയരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആർഎസ്എസ് കൂടിക്കാഴ്ച്ചയുമടക്കം ലേഖനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. എഡിറ്റോറിയൽ പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നതിനിടയിലാണ് രിസാലയിലും വിമർശനം എത്തിയിരിക്കുന്നത്.