
മലപ്പുറം: മുസ്ലിം ലീഗ് എംഎൽഎ പി. അബ്ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ. പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസെന്ന് പോസ്റ്ററിൽ ആക്ഷേപിക്കുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിർത്തുകൊണ്ടിരുന്ന പാർട്ടിയുടെ ജില്ലാസെക്രട്ടറി പി. അബ്ദുൾഹമീദ് എംഎൽഎ അതേ ബാങ്കിൽ ഡയറക്‌ടർസ്ഥാനം സ്വീകരിച്ചതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കിത്. ലീഗ് അണികളും കോൺഗ്രസും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. എല്ലാ ജില്ലാ ബാങ്കുളെയും കേരള ബാങ്കിൽ ലയിപ്പിക്കുക എന്ന ആശയമുയർന്ന കാലംമുതലേ യുഡിഎഫ് അതിനെ ശക്തമായി എിർത്തുകൊണ്ടിരുന്നു. ബാങ്ക് ഭരണസമിതികളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ലയനത്തിന് വേണ്ടിയിരുന്നത്. എന്നാൽ മൂന്നിൽ രണ്ട് എന്നതിനെ കേവല ഭൂരിപക്ഷം എന്നാക്കി ഓർഡിനൻസ് കൊണ്ടുവന്ന് സർക്കാർ 13 ജില്ലാ ബാങ്കുകളുടെയും അംഗീകാരം നേടുകയായിരുന്നു. ഇതിൽ നിന്ന് മാറിനിന്നത് മലപ്പുറം മാത്രമായിരുന്നു. ഇതോടെ കേരളബാങ്കിനെതിരെയുള്ള പേരാട്ടം സ്വഭാവികമായും മുസ്ലീംലീഗിന്‍റെ ബാധ്യതയായി.
പല ഘട്ടങ്ങളിലായി പ്രഥമിക സഹകരണ ബാങ്കുകളും സഹകാരികളും കേസു നൽകിയിരുന്നു. പതിനാറ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിലും അവസാനം മലപ്പുറം ജില്ലാ ബാങ്കിന്‍റേതു മാത്രമായി. നിർബന്ധിത ലയനത്തിന് രജിസ്ട്രാർക്ക് അധികാരം നൽകിയാണ് മലപ്പുറത്തിന്‍റെ പ്രതിരോധം സർക്കാർ തകർത്തത്. ഇതിനെതിരെയും ലയനം നടപ്പാക്കിയപ്പോഴെല്ലാം മലപ്പുറം ജില്ലാ ബാങ്ക് കോടതിയെ സമീപിച്ചു. ഈ കേസ് നടന്നു വരുന്നതിനിടെയാണ് അതേ ബാങ്കിന്‍റെ ഡയറക്‌ടർ സ്ഥാനം മുസ്ലിംലീഗ് ഏറ്റെടുത്തത്. ഇതിനെതിരെ ലീഗിനുള്ളിൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തകർ രംഗത്തെത്തിക്കഴിഞ്ഞു.