
തിരുവനന്തപുരം: എസ്എസ്എൽസി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി. മാർച്ച് 9 ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 2,13,801ആൺക്കുട്ടികളും 2,00,561 പെൺക്കുട്ടികളുമാണ് ഉള്ളത്. 2960 പരീക്ഷ കേന്ദ്രങ്ങളാവും ഉണ്ടാവുക. മൂല്യനിർണയത്തിനായി 70 ക്യാമ്പുകളാവും തയ്യാറാക്കുക. ഏപ്രിൽ 3 മുതൽ 24 വരെ മൂല്യ നിർണ്ണയത്തിനായി 18,000 അധ്യാപകരെയാണ് നിയോഗിക്കുക. മാർച്ച് രണ്ടാം വരത്തോടെ ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ എന്നും അദ്ദേഹം പറഞ്ഞു.
ഹയർസെക്രട്ടറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളാവും ഉണ്ടാവുക. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,062 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. മാർച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 അവസാനിക്കും .ഒന്നിടവിട്ട ദിവസങ്ങളിലാണ്. രാവിലെ 9.30 നാവും പരീക്ഷ ആരംഭിക്കുക. 80 മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ മെയ് ആദ്യവാരം വരെ മൂല്യനിർണ്ണയം നടക്കും. 25,000 അധ്യാപകരായി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പ്രവർത്തിക്കുക.
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി കൗണ്‍സലിങ് സഹായം ഏർപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി 18004252844 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ടോള്‍ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാ കാല ആശങ്കകള്‍ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരു ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കുന്നുണ്ട്. 04712320323 എന്ന നമ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്. പൊതുപരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകള്‍ ടെലി കൗണ്‍സലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദഗ്ധര്‍, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. അത് നിങ്ങളുടെ ഓരോരുത്തരുടെയും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിക്കുന്നു. </p>