
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധ രാത്രിവരെയാണ് പണിമുടക്ക്. ഭൂരിഭാഗം സംഘടനകളും പണിമുടക്കുന്നതിനാൽ സംസ്ഥാന വ്യാപകമായി ബസ് സർവീസ് മുടങ്ങും.
പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റു നിരക്കു വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി.ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ അറിയിച്ചു.