
# സ്വന്തം ലേഖകൻ
കൊച്ചി: 'അരിക്കൊമ്പൻ' എന്നു കുപ്രസിദ്ധനായ ആനയെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ ഉണ്ടായ പ്രതിഷേധങ്ങൾ സംശയകരമാണെന്ന് വനം വന്യജീവി വിദഗ്ധൻ ഡോ. പി.എസ്. ഈസ.
തമിഴ്‌നാട്ടിൽ നിന്നു പിടി കൂടി റേഡിയോ കോളർ ഘടിപ്പിച്ച് എത്തിച്ച ആനകൾ ഇപ്പോഴും പറമ്പിക്കുളത്ത് സ്വൈരവിഹാരം നടത്തുന്നുണ്ട്. കോയമ്പത്തൂരിൽ നിന്ന് ആനമല റേഞ്ചുകളിലേക്ക് മാറ്റിയ ആനകളും കേരളത്തിലെ വനപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതിനെതിരെയൊന്നും അവിടെ താമസിക്കുന്നവർ ഇതുവരെ യാതൊരു പ്രതിഷേധവും ഉയർത്തിയിട്ടില്ല. പക്ഷേ, അരിക്കൊമ്പനെ എത്തിക്കുന്നുവെന്ന വാർത്തയ്ക്കു പുറകേ പറമ്പിക്കുളത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നു. അതിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും ഡോ. ഈസ പറയുന്നു.
വാൽപ്പാറ മേഖലയിൽ ആനകൾ കടകൾ ആക്രമിക്കുന്ന സംഭവങ്ങൾ ധാരാളമായി ഉണ്ടാകാറുണ്ട്. പക്ഷേ അതൊന്നും വലിയ വാർത്തകളായി മാറാറില്ല. ദിവസങ്ങളോളമെടുത്ത് ആനകൾ ദീർഘദൂരം സഞ്ചരിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ സാധാരണയാണ്. ആദ്യകാലങ്ങളിൽ വന്യജീവികളുടെ സ്വൈരവിഹാരം ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്ടിലെ ലോവർ ക്യാംപ് വഴി പിടിആർ - ചിന്നക്കനാൽ പാസേജ് ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ റോഡ് നിർമാണവും റിസോർട്ടുകളുടെ മതിലുകളും മൂലം ചിന്നക്കനാലിലെ ആനകൾ ചെറിയൊരു പ്രദേശത്ത് ഒതുങ്ങിക്കൂടേണ്ട സാഹചര്യമാണുണ്ടായത്.
കാട്ടാനയെക്കുറിച്ച് ഭീതിജനകമായ കഥകൾ പറഞ്ഞു പരത്തി പ്രശ്നക്കാരനാണെന്ന് വിശ്വസിപ്പിച്ച് പിടി കൂടി കുംകിയാനയാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നുവെന്ന് വനം വകുപ്പിലെ നിരവധി പേർ വിശ്വസിക്കുന്നു. ആ ശ്രമങ്ങളാണ് ആനയെ പിടികൂടി പെരിയാറിലേക്കു മാറ്റുന്നതിൽ കലാശിച്ചതെന്നും ഡോ. ഈസ.