മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, പുഴുക്കുത്തുകൾക്കെതിരേ പോരാട്ടം തുടരും; പി.വി. അൻവർ

തന്‍റെ വിമർശനം കേരള പൊലീസിനെ ചെറിയ ഒരു വിഭാഗത്തിനെതിരേ മാത്രമാണ്
pv anvar against p sasi
PV Anvar MLAfile
Updated on

നിലമ്പൂർ: പുഴുക്കുത്തുകൾക്കെതിരേ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എംഎൽഎ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സ്വന്തം വഴി നോക്കുമെന്നും മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരാമർശിച്ച പുഴുക്കുത്തുകൾക്കെതിരായ തന്‍റെ പോരാട്ടം തുടരുമെന്നും നിലമ്പൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പ്രവ‍ർത്തനം മാതൃകാപരമല്ലെന്നും സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും അൻവർ തുറന്നടിച്ചു. മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും നല്ല ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഉയർന്നിരിക്കുകയാണെന്നും അൻവർ മറുപടി നൽകി. താൻ മാത്രമല്ല, ഇഎംഎസും കോൺഗ്രസായിരുന്നുവെന്ന് അദ്ദേഹം തിരിച്ചടിച്ചു.

മുഖ്യമന്ത്രി പൂർണമായും തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഒപ്പമുള്ളവർ ആ പാവത്തെ പൊട്ടക്കിണറ്റിൽ ചാടിക്കാനാണ് ശ്രമിക്കുന്നത്. താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവർ രാജ്യത്തിന് തന്നെ മാതൃകയാണ്. പൊലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകർക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരായാണ് തന്‍റെ പോരാട്ടം. ഈ പോരാട്ടം തുടരും. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനഃപരിശോധിക്കണം. തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും.

സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണയാണ്. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്‍റെ മുന്നിൽ വച്ചാണ് സ്വർണം പിടികൂടുന്നത്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം ലഭിച്ചാൽ ഉടനെ കസ്റ്റംസിനെയാണ് അറിയിക്കേണ്ടത്. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. പൊലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണപ്പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും.

താൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ എഡിജിപിയെ മാറ്റാത്തത് കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ ഇത് കളവ് മുതലല്ല.

സുജിത്ത് ദാസിന്‍റെ ഫോൺ റെക്കോഡ് ചെയ്ത എന്‍റെ നിലപാട് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകുമെന്ന് അൻവർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.