കെൽട്രോൺ ചെയർമാന് വരാൻ പോവുന്നത് ശിവശങ്കറിന്‍റെ അവസ്ഥ: എല്ലാം പിണറാ‍യിയുടെ കുടുംബത്തെ സംരക്ഷിക്കാനെന്ന് ചെന്നിത്തല

ഒരു ലക്ഷത്തിന്‍റെ ക്യാമറയ്ക്ക് 10 ലക്ഷം വരെ ഈടാക്കിയിട്ടുണ്ട്
കെൽട്രോൺ ചെയർമാന് വരാൻ പോവുന്നത് ശിവശങ്കറിന്‍റെ അവസ്ഥ: എല്ലാം പിണറാ‍യിയുടെ കുടുംബത്തെ സംരക്ഷിക്കാനെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചുള്ള വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എംഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച ചെന്നിത്തല, ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു.

എഐ ക്യാമറ ഇടപാടിന്‍റെ ഉപഭോക്താക്കൾ മുഖ്യമന്ത്രിയും കുടുംബവുമാണ്. അവരെ സംരക്ഷിക്കാനായാണ് കെൽട്രോൺ വിവരങ്ങൾ പുറത്തു പറയാതിരിക്കുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കെൽട്രോൺ ഒരു പൊതു മേഖലാ സ്ഥാപനമായതിനാൽ അവർക്ക് വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ട്. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജന്‍റായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമറയുടെ വില വിവരങ്ങൾ പുറത്തു വിട്ടാൽ കെൽട്രോണിന് എന്തു സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് എം. ശിവശങ്കറിന്‍റെ അനുഭവമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പിന്നാലെ ഇടപാടിൽ ഭാഗമായ അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ചെന്നിത്തല പുറത്തുവിട്ടു.

ഓരേ ക്യാമറയ്ക്കും ഓരോ വിലയാണ് ഈടാക്കിയിരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഒരു ലക്ഷത്തിന്‍റെ ക്യാമറയ്ക്ക് 10 ലക്ഷം വരെ ഈടാക്കിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി. ഈ രേഖയാണ് കെൽട്രോൺ പുറത്തുവിടാത്തത്, ഒരു സ്വകാര്യ കമ്പനിയുടെ ട്രേഡ് സീക്രട്ട് പുറത്താകുമെന്ന് പറയുന്ന വിചിത്ര മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് നൽകിയതെന്നും പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com