
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു.
പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജര്‍ ആര്‍.എം. ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
തുടര്‍ന്നു സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്കു കൊണ്ടുപോയി. സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദർശനത്തിന് വച്ചപ്പോൾ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.എൻ. വാസവൻ അന്ത്യോപചാരം അർപ്പിച്ചു. മാത്യു ടി. തോമസ് എംഎൽഎ ഉള്‍പ്പെടെയുളളവരും അന്തിമോപചാരം അര്‍പ്പിച്ചു. നാട്ടില്‍ നിന്നു ലണ്ടനിലേക്കു മടങ്ങവേയാണ് രഞ്ജിത സഞ്ചരിച്ചിരുന്ന വിമാനം ജൂണ്‍ 12ന് അപകടത്തില്‍പ്പെട്ടത്.