
റവദ ചന്ദ്രശേഖർ
തിരുവനന്തപുരം: റവദ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം ധരിപ്പിച്ചതായാണ് സൂചന. അദ്ദേഹത്തിന്‍റെ നിയമനത്തോടു സിപിഎമ്മില്‍ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും.
അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും. നിലവില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്റ്ററായ ചന്ദ്രശേഖറോട് തിങ്കളാഴ്ച കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. നിലവിലുള്ള പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചതും അനുകൂലമായിട്ടുണ്ട്.