ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിൻ: ജുഡീഷ്യൽ അന്വേഷണം നടത്തണം: യുഡിഎഫ്

ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിൻ: ജുഡീഷ്യൽ അന്വേഷണം നടത്തണം: യുഡിഎഫ്

സംസ്ഥാനത്ത് സമീപകാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണിതെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : റോഡ് ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിൻ ആണെന്നും, ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംസ്ഥാനത്ത് സമീപകാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

യുഡിഎഫ് ഉയർത്തുന്ന പ്രധാനപ്പെട്ട ഏഴു ചോദ്യങ്ങൾ അന്വേഷണത്തിന്‍റെ പരിധിയിൽ വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

1. കെൽട്രോണിന്‍റെ ടെണ്ടർ ഡോക്യുമെന്‍റ് പ്രകാരം ഒറിജിനൽ എക്യുപ്മെന്‍റ് മാനുഫാക്ചററോ (ഒഇഎം) അല്ലെങ്കിൽ ഒഇഎം വെണ്ടറിനോ മാത്രമേ ടെണ്ടർ നൽകാൻ കഴിയുകയുള്ളൂ. അത് ലംഘിച്ചു കൊണ്ട് എസ്ആർഐടി എന്ന കമ്പനിക്ക് ടെണ്ടർ നിബന്ധനകൾ ലംഘിച്ച് കൊണ്ട് എന്തിന് കരാർ നൽകി ?

2. ഡേറ്റാ സെക്യൂരിറ്റി, ഡേറ്റാ ഇന്‍റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളൊന്നും ഉപകരാർ നൽകാൻ പാടില്ലെന്നു ടെണ്ടർ രേഖകളിൽ പറയുന്നുണ്ട്. എന്നാൽ ഈ നിബന്ധനകൾ ലംഘിച്ചു കൊണ്ട് ഉപകരാർ നൽകാനുള്ള സാഹചര്യം എന്തായിരുന്നു ?

3. അശോക ബിൽക്കോൺ ലിമിറ്റഡ് എന്ന കമ്പനി പാലങ്ങളും റോഡുകളും നിർമിക്കുന്ന കമ്പനിയാണ്. അവരെങ്ങനെ സാങ്കേതിക യോഗ്യയുള്ളവരായി. പത്തു വർഷത്തെ തുടർച്ചയായ പരിചയം ഈ രംഗത്തുള്ളവർക്കു മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മൂന്നാമത്തെ കമ്പനിയായ അക്ഷര 2017ലാണു രൂപീകരിച്ചത്. ഈ കമ്പനിയെ എങ്ങനെ ടെക്നിക്കലി ക്വാളിഫൈഡാക്കി.

4. കരാർ പ്രകാരം ജോലികൾ പൂർത്തീകരിക്കാൻ സാമ്പത്തികമായി കഴിയാത്ത എസ്ആർഐടിക്ക് ഉപകരാർ നൽകാൻ അനുമതി നൽകിയത് ആരാണ് ?

5. എസ്ആർഐടിക്ക് ആറു ശതമാനം കമ്മീഷനാണ് ലഭിച്ചിരിക്കുന്നത്. 9 കോടി രൂപ നോക്കുകൂലി കൊടുത്തു കൊണ്ട് ഉപകരാർ എടുത്ത മറ്റ് രണ്ടു കമ്പനികളാണ് ജോലി ചെയ്യുന്നത്. കരാർ കിട്ടിയ കമ്പനിയല്ല ജോലി ചെയ്തത്. ഇത് അഴിമതിയുടെ ഭാഗമാണ്.

6. ടെക്നോ പാർക്കിലെ ഒരു കമ്പനിയും ഇൻഡസ്ട്രിയൽ പാർക്കിലെ മറ്റൊരു കമ്പനിയും എസ്ആർഐടിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാമെന്നു പറഞ്ഞു കൊണ്ട് കെൽട്രോണിനു കത്തുകളെഴുതിയിരുന്നു. എസ്ആർഐടി എന്ന കമ്പനി സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതാണെന്നാണ് ഇതിനർഥം. സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിക്ക് എന്തുകൊണ്ട് കരാർ നൽകി ?

7. കെൽട്രോണിന്‍റെ ടെണ്ടർ പ്രകാരം കരാർ ലഭിക്കുന്ന കമ്പനി 5 വർഷത്തേക്കുള്ള സമ്പൂർണ പിന്തുണ നൽകണം. അതു കൂടി ഉൾപ്പെടുത്തിയാണ് 151 കോടി രൂപയുടെ കരാർ. എന്നാൽ ആനുവൽ മെയ്ന്‍റനൻസിനു വേണ്ടി വീണ്ടും 66 കോടി മാറ്റിവച്ചത് എന്തിനാണ് ?

എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വി. ഡി. സതീശൻ ആരോപിച്ചു. കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ചോദ്യത്തിനു പോലും കെൽട്രോണിന്‍റെ ചുമതലയുള്ള വ്യവസായമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com