കരുവന്നൂര്‍ കേസിൽ കുറ്റപത്രത്തിന്‍റെ കോപ്പിയെടുക്കാൻ വേണ്ടത് 12 ലക്ഷം രൂപ

എല്ലാ പ്രതികൾക്കും ഡിജിറ്റൽ പകർപ്പ് നൽകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് നീക്കം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കുറ്റപത്രം വലിയ പെട്ടികൾ അടച്ച് സൂക്ഷിച്ചിരിക്കുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കുറ്റപത്രം വലിയ പെട്ടികൾ അടച്ച് സൂക്ഷിച്ചിരിക്കുന്നു.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്കു കുറ്റപത്രം ഡിജിറ്റൽ കോപ്പിയായി നൽകാൻ അനുമതി തേടി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി).

ഇരുപത്തി ആറായിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തിന്‍റെ പകർപ്പുകൾ ഓരോ പ്രതികൾക്കും നൽകുക അസാധ്യമാണ്. പകർപ്പെടുക്കാൻ മാത്രമായി പന്ത്രണ്ട് ലക്ഷത്തോളം രൂപ വേണ്ടിവരും. ഈ സാഹചര്യത്തിലാണു ഡിജിറ്റൽ പകർപ്പുകൾ നൽകാനുള്ള അനുമതിക്കായി ഹർജി സമർപ്പിച്ചത്. ഹർജി പ്രത്യേക കോടതി വിധി പറയാൻ മാറ്റി. നവംബർ ആദ്യം ആറു പെട്ടികളിലായാണു കലൂർ പിഎംഎൽഎ കോടതിയിൽ സമർപ്പിക്കാനായി ഇഡി കുറ്റപത്രം കൊണ്ടുവന്നത്.

പെൻഡ്രൈവിൽ ഡിജിറ്റൽ കോപ്പി നൽകാമെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. 55 പെൻഡ്രൈവിൽ കുറ്റപത്രം തയാറാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

കുറ്റപത്രത്തിൽ സതീഷ്കുമാറാണ് മുഖ്യപ്രതി. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കുന്നു. കേസില്‍ ഉന്നത ബന്ധം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ 87.75 കോടിയുടെ സ്വത്താണു കണ്ടുകെട്ടിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി കെ ജിൽസ് എന്നിവർക്കെതിരേയാണു കുറ്റപത്രം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com