
കോഴിക്കോട്: സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളെ എത്തിക്കുന്നതിന് സ്കൂൾ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് ആളെ എത്തിക്കുന്നതിനായി മുതുകാട് പ്ലാന്‍റേഷൻ ഹൈസ്കൂളിലെ ബസ് ഉപയോഗിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡിഡിഇക്ക് പരാതി നൽകി.
രാവിലെ പേരാമ്പ്രയിലെത്തിയ ജനകീയ പ്രതിരോധ ജാഥയിൽ ആളെ എത്തിക്കുന്നതിനാണ് സ്കൂൾ ബസ് ഉപയോഗിച്ചത്. പാർട്ടി പരിപാടികൾക്ക് സ്കൂൾ ബസ് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇതിനെതിരെ രൂക്ഷമായ വിമർശമാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്. എന്നാൽ സ്ക്കൂൾ ബസ് വിട്ടുനൽകിയതിനെക്കുറിച്ച് സ്ക്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.