
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്.എൽ. ശ്യാം (54) അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയേറ്റ്). മകൻ: മാധവൻ.