കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സുപ്രീം കോടതി താത്കാലിക ജാമ്യം അനുവദിച്ചിട്ടും ഒളിവിൽ തുടർന്ന് നടൻ സിദ്ദിഖ്. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒളിവിൽ പോയ സിദ്ദിഖ് ഇപ്പോഴും പുറത്തു വന്നിട്ടില്ല. ജാമ്യം അനുവദിച്ചതിനു പുറകേ സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതു വരെയും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. അന്വേഷണവുമായി സഹകരിക്കണമെന്ന് ജാമ്യം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നോട്ടീസ് നൽകിയാൽ ഹാജരായാലും മതി. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം വിഷയത്തിൽ അടുത്ത നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേരും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നീക്കം. ഈ മാസം 22ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.