കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനെതിരേ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. സിദ്ദിഖിന്‍റെ ജാമ്യാപേക്ഷക്കെതിരേ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്‍റേയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് സർക്കാർ.
ചൊവ്വാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനു പിന്നാലെയാണ് സിദ്ദിഖിനെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇത് വരെ അന്വേഷണം സംഘത്തിന് സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദിഖിന്‍റെ വാഹനം ആലപ്പുഴയിൽ കണ്ടതായുള്ള സൂചനകളുണ്ട്.
രാത്രി വൈകിയും ബന്ധുവീടുകളിലും ഹോട്ടലിലുമടക്കം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.