
തിരുവനന്തപുരം: കേരളത്തിന്റെ തീരദേശ ഹൈവേയ്ക്കു വേണ്ടി സ്ഥലമേറ്റെടുക്കാൻ പ്രത്യേക പുനരധിവാസ പാക്കെജ് തയാറാക്കിയതായി പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.
തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്രമായ പ്രത്യേക പാക്കെജാണ് തയാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണിത്.
പാക്കെജിനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവര്‍ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. ഇതില്‍ ഉള്‍പ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ കെട്ടിടത്തിന് കണക്കാക്കുന്ന തുകയില്‍ നിന്ന് ഡിപ്രീസിയേഷന് മൂല്യം കിഴിച്ച്, സൊളേഷ്യം നല്കി, ഡിപ്രീസിയേഷന് വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നല്‍കും. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥല വില നല്‍കും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നല്‍കും.
ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തവരെ പുനരധിവാസ പാക്കെജിലെ കാറ്റഗറി 2-ലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷന് മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നല്‍കുക.
പുനരധിവസിപ്പിക്കപ്പെടെണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കും. പ്രത്യേക പുനരധിവാസ പാക്കെജുകളില് ഏറ്റവും മികച്ചതാണ് ഇതെന്നും മന്ത്രി.
തീരനിവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പാക്കെജ് ഇന്ത്യയിൽത്തന്നെ ഏറെ മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടതാണ്. തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട അലൈൻമെന്റ് നിശ്ചയിക്കുന്നതിൽ പല തർക്കങ്ങൾ ഉയർന്നിരുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഇനി പരാതിയുണ്ടെങ്കിൽ അതിലും ഇടപെടും.
ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിള്‍ ട്രാക്ക്, ചാര്‍ജിങ് സ്റ്റേഷനുകള്‍, റസ്റ്ററന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും അവിടെയുണ്ടാകും.
തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുന്‍പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് എംഎല്‍എമാരായ എം. രാജഗോപാല്‍, കെ.ജെ. മാക്സി, എം.കെ. അക്ബര്‍, ഡോ. സുജിത് വിജയന്‍പിള്ള തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.