

അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ വ്യവസായി അനീഷ് ബാബുവിന് സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ തള്ളിയത്.
കേസ് ഒതുക്കി തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന അനീഷിന്‍റെ പരാതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ ഈ കേസ് നിലനിൽക്കുന്നുവെന്ന കാരണത്താൽ കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിതരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് അനീഷ് ബാബുവിനെതിരായ കേസ്. 25 കോടിയോളം രൂപയാണ് അനീഷ് തട്ടിയെടുത്തതെന്നാണ് വിവരം. കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ അനീഷ് ബാബു സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്.
അതേസമയം കേസ് ഒതുക്കി തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന അനീഷിന്‍റെ പരാതിയിൽ വിജിലൻസ്, ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടർ ശേഖർ കുമാറിനെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു