തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പൂരം കലക്കലുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് വൈകുന്നേരത്തോടെ ഡിജിപിക്ക് കൈമാറിയത്. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് നിർദേശം നൽകിയതായി ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എം.ആര്‍. അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. എന്നാൽ പൂരം കലക്കിയത് അജിത്കുമാറാണെന്ന് ആരോപണമുയർന്നതോടെ വിവാദത്തിന്‍റെ ഗതി മാറുകയായിരുന്നു.