
കൊച്ചി: സംസ്ഥാനത്ത് മറ്റു ട്രെയിനുകൾ വൈകുന്നതിന്‍റെ കാരണം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനല്ലെന്ന് വ്യക്തമാക്കി ദക്ഷിണ റെയിൽവേ. ട്രെയിനുകൾ തുടർച്ചയായി വൈകുന്നതിനു കാരണം വന്ദേഭാരത് ആണെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് ദക്ഷിണ റെയിൽവേ വിശദീകരണക്കുറിപ്പ് ഇറക്കിയത്. വന്ദേഭാരത് കേരളത്തിൽ സർവീസ് നടത്തുമ്പോൾ ട്രെയിനുകളുടെ സമയക്രമത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മുൻപേ അറിയിച്ചിരുന്നതായും വന്ദേഭാരതിന് മുൻഗണന നൽകുന്നതിനായി മറ്റൊരു ട്രെയിനും ഇതുവരെ തടഞ്ഞു വച്ചിട്ടില്ലയെന്നും ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ബി. ഗുഗനേശന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്റ്റോബറിൽ മഴ അടക്കമുള്ള മറ്റു കാരണങ്ങളാലാണ് രാജധാനി ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകിയത്. തുടർച്ചയായ മഴ മൂലം കൊച്ചുവേളിയിലെ പിറ്റ്ലൈനിലുണ്ടായ വെള്ളക്കെട്ടും തിരുവനന്തപുരം, കൊല്ലം, നാഗർകോവിൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലും ട്രെയിനുകൾ വൈകുന്നതിന് കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു.
വന്ദേഭാരത് ആരംഭിച്ചതു മുതൽ ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസിന്‍റെ വേഗം വർധിപ്പിച്ചിരുന്നതായും കുറിപ്പിലുണ്ട്.