തിരുവനന്തപുരം: മുഖ‍്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം.ആർ. അജിത് കുമാറിനുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ കൃത‍്യമായ മറുപടി പറയാതെ ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ‍്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ‍്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ മുഖ‍്യമന്ത്രി എന്തിന് സംരക്ഷിക്കുന്നുവെന്ന് വ‍്യക്തമാക്കണമെന്ന് സതീശൻ ആവശ‍്യപെട്ടു.
ബിജെപിയെ സഹായിക്കാൻ മുഖ‍്യമന്ത്രി തന്നെയല്ലെ പൂരം കലക്കിയത്‍? പൂരം കലക്കാൻ സഹായിച്ചതിന് പ്രത‍്യുപകാരമായി മാസപ്പടി കേസിലെ വീണക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മരവിപ്പിച്ചെന്നും സതീശൻ ആരോപിച്ചു. പത്ത് ദിവസമായി ഒരു ഇടത് എംഎൽഎ മുഖ‍്യമന്ത്രിക്കും മുഖ‍്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കാത്തത് എന്തുക്കൊണ്ടാണെന്നും വി.ഡി. സതീഷൻ ചോദിച്ചു.
പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്‍റെ പേരിലാണ് ഇ.പി. ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് എന്നാൽ പ്രകാശ് ജാവഡേക്കറെ നാലും അഞ്ചും തവണ കണ്ടെന്ന് പരസ‍്യമായി സമ്മതിച്ച മുഖ‍്യമന്ത്രി പിണറായി വിജയനെയല്ലെ ആദ‍്യം പുറത്താക്കേണ്ടിയിരുന്നത്? ആർഎസ്എസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ മുഖ‍്യമന്ത്രി എന്ത് സന്ദേശമാണ് പൊതുസമൂപത്തിന് നൽകുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.