ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ ഡയറക്റ്റര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com