കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതർക്കുള്ള എല്ലാ ബാങ്ക് വായ്പകളും കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എഴുതിത്തള്ളും. 52 പേരുടെ 64 ലോണുകളാണ് എഴുതിത്തള്ളുന്നത്.
നേരത്തെ വയനാട് ദുരന്തത്തെ തുടര്‍ന്ന് ചൂരല്‍മല സ്വദേശികളുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേരള ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ചൂരല്‍മല ശാഖയില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളുക. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെയും ഈടുനല്‍കിയ വീടും വസ്തുവും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളും. നിലവില്‍ 9 പേരാണ് പട്ടികയിലുള്ളത്. ദുരന്തമേഖലയില്‍ 3220 പേരാണ് വായ്പകളെടുത്തിട്ടുള്ളത്. 35.32 കോടിയാണ് ഇവരുടെ ആകെ വായ്പാതുക.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക സമീപനത്തോടെ സഹകരിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനമെടുത്തിരുന്നു. ദുരന്തത്തില്‍ മരിച്ചവര്‍, സ്വത്തുക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ തുടങ്ങിയവയടക്കം കണക്കാക്കിയാകും വായ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം ബാങ്കുകള്‍ തീരുമാനമെടുക്കുക. അതിനനുസരിച്ച് കാര്‍ഷിക വായ്പകളടക്കം ചിലതിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. പലിശയും അടവുബാക്കിയും ചേര്‍ത്ത് അഞ്ചു വര്‍ഷക്കാലത്തെ തിരിച്ചടവ് കാലാവധിയോടെ പുതിയ വായ്പകളാക്കി മാറ്റും.
ഓരോ ജീവിതോപാധി മേഖലയെയും സൂഷ്മമായി വിലയിരുത്തി സാമ്പത്തിക സഹായം നല്‍കും. കാര്‍ഷികാദായം നഷ്ടമാകുകയും കൃഷി സ്ഥലം നിലനില്‍ക്കുകയും ചെയ്തവര്‍ക്കും കൃഷിഭൂമി നഷ്ടമായവര്‍ക്കും പ്രത്യേക വായ്പകള്‍ നല്‍കും. പ്രകൃതി ദുരന്ത നിയമം അനുസരിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പലിശയും തിരിച്ചടവ് കാലാവധിയും ഈട് വ്യവസ്ഥകളടക്കം നിര്‍ണ്ണയിക്കുക.